Wednesday, February 16, 2011

ഇന്റർ നെറ്റിലെ പിരാനകൾ

പെട്ടെന്നൊരു സെന്‍സേഷണല്‍ കാര്യം കേട്ടു - അതിത്രയും വലിയൊരു വിഷയത്തെക്കുറിച്ചാണെന്ന് അറിയാതെ ഇട്ടതാണു ഹരീഷിന്റെ പോസ്റ്റ് എന്ന് അദ്ദേഹത്തിന്റെ തന്നെ കമന്റുകളില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ബസ്സുകള്‍ എല്ലായ്പ്പോഴും ആഴത്തില്‍ കാര്യങ്ങള്‍ പ്രതിപാദിക്കണമെന്നില്ല താനും. എന്നാല്‍ ശേഷം ഇഞ്ചിപ്പെണ്ണ് ഇട്ട ബ്ലോഗ്‌പോസ്റ്റില്‍ അവരും ടീമും വിവിധ രംഗങ്ങളിലെ വിദഗ്ദ്ധരോട് സംസാരിച്ച ശേഷമാണ്‌ പ്രസിദ്ധീകരിച്ചതെന്ന് പറയുന്നുണ്ട്.

പ്രസ്തുത പോസ്റ്റിനു നല്‍‌കിയിരിക്കുന്ന തലക്കെട്ട് തീര്‍ത്തും ദുരുദ്ദേശ്യപരമെന്ന് പറയാതെ നിവൃത്തിയില്ല. "ചാലക്കുടിപ്പുഴയിലെ പിരാനകള്‍" എന്നാണ്‌ അതിന്റെ ശീര്‍ഷകം.

ഈ തലക്കെട്ട് വായിച്ച് റിസര്‍‌വോയര്‍ ഫിഷറീസിനെക്കുറിച്ച് വായിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ചാലക്കുടിയില്‍ 'പിരാനയെ' കണ്ടെത്തിയതും ജലസംഭരണികളില്‍ ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതുമായി ഒരു ബന്ധമുണ്ടെന്ന് തോന്നും.

ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയ എക്സോട്ടിക്ക് മീന്‍ പിരാനയാണെന്ന് ഉത്തരവാദിത്തമില്ലാതെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ ഡോ. ഏ. ഗോപാലകൃഷ്ണന്‍ ഒരു പ്രമുഖ പത്രം വഴി വിവരം തെറ്റാണെന്നും കണ്ടെത്തിയ മീന്‍ എന്താണെന്നും വിവരിച്ചിരുന്നു. (നിലവില്‍ ഇദ്ദേഹം കേരളാ ബയോഡൈവേര്‍സിറ്റി ബോര്‍ഡ് മെംബര്‍കൂടിയാണ്)ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയ മീന്‍ ഇവിടെ :
റെഡ് ബെല്ലീഡ് പിരാന (Pygocentrus nattereri)യുമായി രൂപസാദൃശ്യം തോന്നിയേക്കാം എന്നതിനാല്‍ പ്രധാനവത്യാസമായ പല്ലുകളുടെ ചിത്രം ഇത് :ചാലക്കുടിയില്‍ നിന്നു കണ്ടെത്തിയ മീനിന്റെ ചിത്രം ദുബായ് ഖിസൈസിലെ പെറ്റ് ഷോപ്പില്‍ ഉള്ള മലയാളി ജീവനക്കാരോട് (ശ്രീ. നിമിൻ, ശ്രീ. റോഷൻ) കാട്ടി ഇതു പിരാനയാണോ എന്ന് ചോദിച്ചപ്പോള്‍ ഒറ്റ നോട്ടത്തില്‍ അവര്‍ ഇത് റെഡ് ബെല്ലീഡ് പാക്കു (Colossoma bidens) ആണെന്നു തിരിച്ചറിഞ്ഞു. പിരാന കുലത്തിനോട് ബന്ധമുണ്ടെങ്കിലും ഏതാണ്ട് പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആയ മീനാണിത്. മിക്ക അക്വേറിയം സ്റ്റോറുകളും ഇതിനെ വില്ക്കാറുണ്ട്.

പാക്കു, ത്രീ സ്പോട്ട് ഗൗരാമി, മോളി, പ്ലാറ്റി, ഗപ്പി തുടങ്ങിയവ അടക്കം പതിനൊന്നോളം എക്സോട്ടിക്ക് സ്പീഷീസിനെ കേരളത്തിലെ പുഴകളില്‍ കണ്ടെത്തിയിട്ടുണ്ട് (ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്‍സ് പ്രസിദ്ധീകരണം ). ഇതില്‍ വ്യക്തികള്‍ വളര്‍ത്തി വിട്ട ആഫ്രിക്കന്‍ മുഷിയെയും സര്‍ക്കാര്‍ വളരെ പണ്ട് കൃഷി ചെയ്ത ടിലാപ്പിയകളെയും ഒഴിച്ചാല്‍ ബാക്കിയെല്ലാം അലങ്കാര മത്സ്യങ്ങളാണ്‌. അനാസ്ഥ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ അക്വേറിയം ഹോബിയോ ബിസിനസ്സോ ഉള്ളവരില്‍ നിന്നും ചാടി നമ്മുടെ പുഴകളില്‍ എത്തിയ മീനുകള്‍. ഇവയില്‍ ഗപ്പി പോലെ പലതിനും പെറ്റുപെരുകി ഇന്‍‌വേസീവ് സ്പീഷീസ് ആകാന്‍ (പ്രെഡേറ്റര്‍ എന്ന നിലയിലല്ല, ഫുഡ്/ ഏരിയ ഒക്യുപ്പേഷന്‍ വഴി) കെല്പ്പുള്ളവയുമാണ്‌. ഇതും ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി റിസര്‍‌വോയറുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് നിക്ഷേപിക്കുന്ന, പ്രജനനം ചെയ്യാത്ത മീനുകളുടെ പദ്ധതിയുമായി ബന്ധമൊന്നുമില്ല.

എക്സോട്ടിക്ക് മീനുകളെ നിരുത്തവാദിത്തപരമായി കേരളത്തിലെ പുഴകളിലേക്ക് ഇറക്കി വിടുകയോ അതിനെ ഇറക്കി വിടുന്ന സ്വകാര്യ വ്യക്തികള്‍ക്കെതിരേ കയ്യും കെട്ടി നോക്കി നില്‍ക്കുകയോ ആണ്‌ ഫിഷറീസ് വകുപ്പ് ചെയ്യുന്നത് എന്ന ധ്വനി നേരത്തേ കണ്ടിരുന്നു. ജൈവ വൈവിദ്ധ്യത്തിനു കോട്ടം വരുമെന്ന് ശങ്കയുള്ള മീനുകളെ തിരിച്ചറിയാനും എക്സോട്ടിക്ക് മീനുകളെ അലക്ഷ്യമായി നദികള്‍ വിടുന്നത് തടയാനും ഡിപ്പാര്‍ട്ട്മെന്റ് ആവതെല്ലാം ചെയ്യുന്നുണ്ട്.

ശ്രദ്ധേയമായ പുതിയ വികാസം കേരളാ ഫിഷറീസ് ആക്റ്റ് (ബില്‍ പാസ്സാക്കിയിട്ടുണ്ട്) വകുപ്പ് ഇരുപത്തൊന്ന് പ്രകാരം എക്സോട്ടിക്ക് ഫിഷുകള്‍ ഗസറ്റ് വിജ്ഞാപനം വഴി നിയന്ത്രിക്കാനും നിരോധിക്കാനും ഉള്ള അധികാരം ഇനിമുതല്‍ കേരളാ സര്‍ക്കാരിന് ഉണ്ടായിരിക്കും. ഇതു കൂടാതെ ഒരു പ്രദേശത്തെ മത്സ്യ സങ്കേതമായി പ്രഖ്യാപിച്ച് അതിന്റെ സുരക്ഷയും നിയന്ത്രണവും ഫിഷറീസ് വകുപ്പിനു ഏറ്റെടുക്കുവാനും അതിനെ പരിപാലിക്കാനും സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ട് (വകുപ്പ് ഇരുപത്തഞ്ച്)


"സിനിമാ രംഗത്തെ മയക്കുമരുന്നു വില്പ്പനക്കാര്‍" എന്നൊരു തലക്കെട്ടോടെ ഞാന്‍ ദിലീപിനെയും ഷാജി എന്‍ കരുണിനെയും പറ്റി ഒരു ലേഖനം എഴുതിയാല്‍ അതില്‍ ഇവര്‍ക്ക് മയക്കുമരുന്ന് കച്ചവടം ഉണ്ടെന്നു സ്ഥാപിക്കുന്ന യാതൊന്നുമില്ലെങ്കിലും സിനിമാരംഗത്ത് മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ടെന്നും അതില്‍ ദിലീപിനും ഷാജിക്കും എന്തോ ഒരു പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വായനക്കാര്‍ക്ക് തോന്നും. അത്തരം ഒരു അടവാണിവിടെ ഉപയോഗിച്ചിരിക്കുന്നത്.

പത്രത്തിലെ പിരാന ദിവസങ്ങള്‍ കൊണ്ട് ചത്തു. ഇന്റര്‍നെറ്റിലിപ്പോഴും അത് കൂര്‍ത്ത പല്ലും കാട്ടി നീന്തുന്നു.

പിൻ കുറിപ്പ്: ഇന്ത്യയിൽ മുന്നൂറോളം ഇനം വിദേശമത്സ്യങ്ങളെ പുഴകളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പതിനൊന്നും.  ഇതിൽ മഹാഭൂരിഭാഗവും അലങ്കാര മത്സ്യങ്ങളാണ്. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നവർ അവ നദികളിലേക്കു  കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  പലപ്പോഴും വീട്ടിലെ കുട്ടികളാണ് അക്വേറിയം നിർമ്മിക്കുക. ഒരു കോളേജ് അഡ്മിഷൻ കിട്ടിക്കഴിഞ്ഞാൽ മത്സ്യങ്ങളെ നോക്കാൻ വീട്ടിലാളില്ല, പ്രജനനം നടത്തി ടാങ്ക് നിറഞ്ഞു എന്നൊക്കെയുള്ള അവസ്ഥ വരുമ്പോൾ  മത്സ്യങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ എന്നു കരുതി പുഴയിലോ കുളത്തിലോ അവർ ഇറക്കിവിടുമ്പോൾ ഒരുപക്ഷേ ലക്ഷക്കണക്കിനു വർഷം കൊണ്ട് ഇവോൾവ്‌ ചെയ്ത ആവാസവ്യവസ്ഥയെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന  ഒരു കൃത്യമാണ് ചെയ്യുന്നതെന്ന് അവർ അറിയുന്നുണ്ടാവില്ല. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന്   അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ഓർണമെന്റൽ ഫിഷ് ബ്രീഡർമാരെ ഫിഷറീസ് വകുപ്പ് ലൈസൻസ് ചെയ്യുകയും അവ  ജലാശയങ്ങളിലേക്ക് പടരാൻ സാധ്യതയുള്ള തരം ബ്രീഡിങ്ങ് പോണ്ടുകൾ ഇവർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അലങ്കാര മത്സ്യങ്ങളെ ഒരിക്കലും സ്വാഭാവിക  ജലാശയങ്ങളുമായി കൂടിക്കലരാൻ സമ്മതിക്കരുത്.

1 comment:

  1. ചേട്ടന്മാരെ ഇന്നലെ ചാവക്കാട് മാർക്കറ്റിൽ ഈ മീനിനെ വിൽക്കാൻ വെച്ചിരിക്കുന്നതുകണ്ടു. ആരും വാങ്ങിച്ചതു കണ്ടില്ല. കിലോയ്ക്ക് 80 രൂപ. സൂപ്പർ മിനാണെന്ന് പറഞ്ഞു. ചെലവില്ലാത്തതുകൊണ്ട് കാലത്തുമുതൽ അവിടെ ഇരിക്കുന്നതാണെന്ന് പറഞ്ഞു. കടൽമത്സ്യമാണോ പുഴമത്സ്യമാണോയെന്നൊന്നും വിൽ‌പ്പനക്കാരനറിയില്ല. ഏതായാലും ആദ്യമായാണു ഞാൻ ഈ മീൻ കാണുന്നത്.

    ReplyDelete