Friday, February 18, 2011

വിദഗ്ദ്ധാഭിപ്രായങ്ങൾ ഭാഗം ഒന്ന്

ഇന്ത്യയിലെ പ്രമുഖ ഇക്‌തിയോളജിസ്‌റ്റും കുസാറ്റിന്റെ സ്‌കൂള്‍ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ഫിഷറീസിന്റെ ഡയറക്‌ടറും ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ എസ് ശര്‍മ്മയുടെ അഡ്‌വൈസറുമായ ആയ പ്രൊഫസര്‍ (ഡോ.) ബി മധുസൂദനക്കുറുപ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെയും കേരളത്തിലെ മറ്റു പുഴകളിലേയും കായലുകളിലെയും മത്സ്യങ്ങളെക്കുറിച്ച് വളരെയേറെ ഗവേഷണങ്ങള്‍ നടത്തിയ ആളാണ്‌. മത്സ്യകേരളത്തിന്റെ ഭാഗമായ ജലസംഭരണീ മത്സ്യകൃഷി വികസനത്തെക്കുറിച്ച്  ഡോ. കുറുപ്പുമായി ചര്‍ച്ച ചെയ്‌തതില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍.

എന്തുകൊണ്ടാണ്‌ കേരളത്തില്‍ ജലസംഭരണീ മത്സ്യകൃഷി വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നത്?

കേരളത്തിലെ ജലസംഭരണികളിലെ മത്സ്യോല്പാദനം അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീരെക്കുവാണ്‌. കേരളത്തിലെ റിസര്‍‌വോയറുകളില്‍ മത്സ്യഉല്പാദനം ഹെക്‌ടര്‍ ഒന്നിന് 10 കിലോഗ്രാം മാത്രമാണ്‌. തമിഴ്‌നാട്ടില്‍ ഇത് 300 കിലോഗ്രാം / ഹെക്‌ടര്‍ ആണ്‌. പശ്ചിമ ബംഗാളില്‍ അത് 400 കിലോഗ്രാം / ഹെക്‌ടര്‍ ആണ്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്‌. ജലസംഭരണികളിലെ ഏകദേശം 41,000 ഹെക്‌ടര്‍ ഉപയോഗശൂന്യമായി കിടക്കുന്നു. ഇവിടത്തെ മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കായി 4 വര്‍ഷം മുന്‍പ് തന്നെ പദ്ധതിയുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ന്യായമായും അതാത് ആവാസവ്യവസ്ഥയില്‍ ഉള്ള തദ്ദേശീയ മത്സ്യങ്ങളെ അല്ലേ കൃഷി ചെയ്യേണ്ടത് ? എന്തുകൊണ്ട് കേരളത്തിലെ പുഴകളില്‍ സ്വാഭാവികമായി കാണാത്ത കാര്‍പ്പുകളെ കൃഷി ചെയ്യുന്നു?

ശുദ്ധജലകൃഷിയ്‌ക്ക് വേണ്ടതും കട്ട്‌ല, രോഹു, മൃഗാല്‍ എന്നിവയോട് വളര്‍ച്ചയിലും ഉല്പാദനത്തിലും താരതമ്യം ചെയ്യാന്‍ പറ്റിയതും ആയ മത്സ്യങ്ങള്‍ കേരളത്തില്‍ വളരെ വിരളമാണ്. കൂടാതെ, ലഭ്യമായ മത്സ്യങ്ങളുടെ തന്നെ വിത്തുല്പാദനത്തില്‍ കാര്യമായ സാങ്കേതിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ആയതിനാല്‍, ആവശ്യാനുസരണമുള്ള വിത്തുലഭ്യത ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളുടെ വിത്തുകള്‍ യഥേഷ്‌ടം ആവശ്യമായ അളവിൽ ലഭ്യമാണ്. എന്നു മാത്രമല്ല, ജലസംഭരണികള്‍ ആവാസവ്യവസ്ഥയാക്കുന്ന തദ്ദേശീയ മത്സ്യങ്ങള്‍ ചുരുക്കവുമാണ് .

അതൊന്ന് വിശദീകരിക്കാമോ?

ഓരോ മത്സ്യത്തിനും അതിന്റേതായ ആവാസവ്യവസ്ഥയുണ്ട്. അതിന്റേതായ സാഹചര്യത്തിലേ അത് ജീവിക്കൂ. കേരളത്തിലെ ആഴം കുറഞ്ഞ പുഴകളില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് റിസര്‍‌വോയര്‍ എന്ന കൃത്രിമ ജലതടാകത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും കുടിയേറാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ അതിനു യോജിച്ച മീനുകളെ വളര്‍ത്തിയില്ലെങ്കില്‍ ജലസംഭരണികളിലെ ജലം മത്സ്യകൃഷിക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ കാര്‍പ്പുകള്‍ നമുക്ക് ഇന്‍‌വേസീസ് സ്‌പീഷീസ് ആകുമോ?

ഇന്‍‌വേസീസ് സ്വഭാവം വരണമെങ്കില്‍ ആദ്യം അവ പ്രൊലിഫിക് ബ്രീഡര്‍ ആയിരിക്കണം. പ്രൊലിഫിക് പോയിട്ട് നമ്മുടെ പുഴയില്‍ ഒട്ടും ബ്രീഡ് ചെയ്യാത്ത മീനുകള്‍ എന്ത് ഇന്‍‌വേസീസ് സ്വഭാവം കാണിക്കാനാണ്‌ ‍? ഇന്‍‌വേസീസ് സ്വഭാവം എന്നത് പുറത്തു നിന്നു വന്ന ഗോള്‍ഡന്‍ കാര്‍പ്പ്, തിലാപ്പിയ തുടങ്ങിയവയ്‌ക്ക് മാത്രമേ കാണൂ എന്ന് കരുതുന്നുണ്ടോ? തദ്ദേശീയ മത്സ്യങ്ങളില്‍ ചിലതും മത്സ്യഭോജികളാണ് എന്നതാണ് വസ്‌തുത. ഇവ ജൈവ വൈവിധ്യം ഇല്ലാതാക്കും. ഉദാ: വരാല്‍.

തദ്ദേശീയ മത്സ്യങ്ങള്‍ക്ക് ഇന്ത്യന്‍ കാര്‍പ്പുകളില്‍ നിന്ന് പ്രെഡേഷന്‍ ഭീഷണി ഇല്ലെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. ഇവ പ്രജനനം ചെയ്യില്ലെന്നും എല്ലാവരും അംഗീകരിക്കുന്നുണ്ട്. എങ്കിലും, റിസര്‍വോയറുകളില്‍ സ്‌റ്റോക്ക് ചെയ്യുന്ന “വിദേശീയ” മത്സ്യങ്ങള്‍ കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങള്‍ക്ക് ശല്യമോ ഭീഷണിയോ ആകാനുള്ള സാധ്യത കൂടി പരിശോധിക്കേണ്ടതല്ലേ?

കേരളത്തില്‍ തദ്ദേശീയമായി നൂറ്റി എഴുപത്തി രണ്ട് വര്‍ഗ്ഗം(സ്പീഷീസ്) മത്സ്യങ്ങള്‍ ഉണ്ട്. കേരളനദികളില്‍ എന്‍ഡെമിക്ക് ആയി മുപ്പത്തി ഒന്നു മീനുകള്‍ ആണ് ഉള്ളത്. ഉദാഹരണം തൊണ്ണിവാള (Silurus Wayanadensis). ഇവ വയനാട്ടിലെ പുഴകളിലെ ഗുഹകളില്‍ മാത്രമേയുള്ളൂ. വളരെയേറെ പഠനങ്ങള്‍ നടത്തിയിട്ടും റിസര്‍‍‌വോയറില്‍ എന്‍ഡെമിക്ക് ആയ (മാത്രം കാണപ്പെടുന്ന) ഒരു മത്സ്യവും കേരളത്തില്‍ ഇല്ലെന്നാണ്‌ കാണുന്നത്. വസ്‌തുത ഇതായിരിക്കെ എന്‍ഡെമിക്ക് മത്സ്യങ്ങള്‍ക്ക് റിസര്‍‌വോയര്‍ മത്സ്യകൃഷി എന്തു ഭീഷണി ഉണ്ടാക്കുമെന്നാണ്‌ ?

തദ്ദേശീയ മത്സ്യങ്ങള്‍ക്ക് എക്‌സോട്ടിക്ക് മത്സ്യങ്ങളില്‍ നിന്ന് അങ്ങനെ അല്ലാതെ  മറ്റെന്തെങ്കിലും ഭീഷണിയുണ്ടാകുമല്ലോ? ഉദാഹരണമായി ചില ജൈവശാസ്ത്രജ്ഞര്‍ പറയുന്നത് എക്കോളജിക്കല്‍ നീഷിലേക്ക് ഒരു എക്സോട്ടിക്ക് മീന്‍ കടന്നു കയറുമ്പോള്‍ ഫുഡ് കോമ്പറ്റീഷന്‍ അടക്കം വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്നാണ്...

റിസര്‍‌വോയര്‍ തദ്ദേശീയ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ അല്ലെന്നു പറഞ്ഞുവല്ലോ. റിസര്‍‌വോയര്‍ എന്ന എക്കോളജിക്കല്‍ നീഷില്‍ ഏതൊക്കെ മത്സ്യങ്ങളാണ് ഇപ്പോള്‍ ഉള്ളത് ? എത്രയളവില്‍ ഉണ്ട് ? ഉള്ളമീനിനല്ലേ സ്പേസ് ഒക്യുപ്പേഷനും ഫുഡ് കോമ്പറ്റീഷനും ഒക്കെ ഭീഷണിയായി വരുന്നത് ? ഇപ്പറഞ്ഞ ഇക്കോളജിക്കല്‍ സ്പേസ് ഇപ്പോള്‍ ഒക്യുപ്പൈ ചെയ്യുന്നത് ഏതൊക്കെ മത്സ്യങ്ങളാണ് എന്ന് ഈ സംശയം ഉന്നയിക്കുന്നവര്‍ തന്നെ പറയട്ടെ. നമ്മുടെ റിസര്‍‌വോയറുകളില്‍ ഏതൊക്കെ തദ്ദേശീയ മത്സ്യങ്ങള്‍, എന്‍ഡെമിക്കോ അല്ലാത്തതോ ആയ എത്രയെണ്ണം ഇപ്പോള്‍ ആവസിക്കുന്നുണ്ട് ? ഈ പറയുന്ന ഇക്കോളജിക്കല്‍ നീഷ് ശാസ്‌ത്രീയമായി ഉപയോഗപ്പെടുത്തനാണ് ജലസംഭരണികളില്‍ കാര്‍പ്പുകളെ നിക്ഷേപിക്കുന്നത്. നേരെ മറിച്ച്, അവിടത്തെ മത്സ്യത്തിന്റെ അഭാവം മൂലം ടണ്‍ കണക്കിന് ജൈവ വസ്‌തുക്കളുടെ നഷ്‌ടം സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍, അവിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ ഇപ്രകാരം നഷ്‌ടപ്പെടുന്ന ജൈവവസ്‌തുക്കളെ മാംസ്യമായി മാറ്റാന്‍ സാധിക്കും.

എന്തുകൊണ്ടാണ്‌ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ നമ്മുടെ വനം മേഖലയടക്കമുള്ള സ്ഥലങ്ങളിലെ ജലസംഭരണീ മത്സ്യകൃഷിക്ക് അനുയോജ്യമായവ എന്നു പറയുന്നത് ?

പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങളാലാണ്
• അവയ്ക്ക് പ്രെഡേറ്ററി സ്വഭാവമില്ല
• നമ്മുടെ നദിയില്‍ പ്രജനനം ചെയ്യാത്ത അവയ്ക്ക് ഇന്‍‌വേസീസ് സ്വഭാവവുമില്ല
• ആവശ്യാനുസരണം വിത്ത് ലഭ്യമാണ്‌
• അവ വളരെ വേഗം വളരുന്നു
• റിസര്‍‌വോയറുകളില്‍ അവ യാതൊരു ഫുഡ് സ്പേസ് കോമ്പറ്റീഷനും സ്വാഭാവിക നദീമത്സ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നില്ല

പ്രമുഖ മത്സ്യഗവേഷകനും കേരളത്തിലെ നദികളിലെ മത്സ്യജീവിതത്തെയും ആവാസവ്യവസ്ഥകളെയും കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ വ്യക്തിയും എന്ന നിലയ്ക്ക് വനം‌മേഖലയിലെ റിസര്‍‌വോയറുകളില്‍ ഇന്ത്യന്‍ മേജര്‍‌കാര്‍പ്പുകളെ കൃഷി ചെയ്യുന്നത് എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം തദ്ദേശീയ മീനുകള്‍ക്ക് ഉണ്ടാക്കുമെന്ന് അങ്ങേക്ക് അഭിപ്രായം ഉണ്ടോ?

ഇല്ല. എന്നാല്‍ വളര്‍ത്തിയ മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതികളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതാണ്. അശാസ്‌ത്രീയ മത്സ്യ ബന്ധന രീതിയായ തോട്ട പൊട്ടിക്കല്‍ യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. ഗില്‍ നെറ്റ് ഉപയോഗിച്ച് മാത്രം മത്സ്യം പിടിക്കുക. മീന്‍ പിടിക്കാന്‍ അനുവദിച്ച മേഖലകളില്‍ മാത്രം മത്സ്യ ബന്ധനം നടത്തുക. ജല സംഭരണികളുടെ സുരക്ഷയ്‌ക്ക് വിപരീതമായ ഒരു കാര്യവും ചെയ്യാന്‍ പാടില്ല.

2 comments:

  1. നമ്മുടെ റിസര്‍‌വോയറുകളില്‍ ഏതൊക്കെ തദ്ദേശീയ മത്സ്യങ്ങള്‍, എന്‍ഡെമിക്കോ അല്ലാത്തതോ ആയ എത്രയെണ്ണം ഇപ്പോള്‍ ആവസിക്കുന്നുണ്ട്?

    Had there been any studies done on this point by Fisheries? I believe there would have as a preface to such a project. If it is there, is it possible to get that and publish?

    ReplyDelete
  2. Such a study has been conducted by Dr. Kurup (et al),another one by NBFG and several other bodies. Srinivasan has also made such studies. There are plenty, that show reservoirs are by and far vacant niches. ( Fisheries department doesn't do any studies, these are done by research organizations)

    ReplyDelete