Wednesday, February 16, 2011

മത്സ്യകേരളവും ജലസംഭരണീ മത്സ്യകൃഷിയും

മത്സ്യകേരളം
കേരളത്തിലെ ഉള്‍നാടന്‍ മത്സ്യലഭ്യത പ്രതിവര്‍ഷം 75,000 ടണ്ണില്‍ നിന്നും 2,00,000 ടണ്‍ ആക്കി ഉയര്‍ത്താനുള്ള പത്തു വര്‍ഷത്തെ പ്രോജക്റ്റ് ആണ്‌ മത്സ്യകേരളം. ഇരുപത്തിനാല്‌ ഇന പരിപാടിയാണിത്. പദ്ധതിയുടെ നടത്തിപ്പ് മോണിറ്റര്‍ ചെയ്യുവാനും നേര്‍വഴിക്കു നടത്തുവാനും ഫിഷറീസ് മന്ത്രിയുടെ കീഴില്‍ വിവിധ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ഒന്നിച്ച് ചേരുന്ന ബൃഹത്തായൊരു സം‌വിധാനമാണ്‌ ഇതിനുള്ളത്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി രണ്ട് കൗണ്‍സിലുകളുണ്ട്.
സ്റ്റേറ്റ് ലെവല്‍ ഗൈഡന്‍സ് കൗണ്‍സില്‍

ഇതിലെ അംഗങ്ങള്‍
  • ഫിഷറീസ് മന്ത്രി
  • സ്റ്റേറ്റ് ഗവൺ‌മെന്റ് സെക്രട്ടറിമാര്‍- പ്ലാനിംഗ്, റൂറല്‍ ഡെവലപ്പ്മെന്റ്, ഫൈനാന്‍സ്, ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍
  • ഡയറക്റ്റര്‍ ഓഫ് ഫിഷറീസ്, എംഡി-മത്സ്യഫെഡ്, എക്സി. ഡയറക്റ്റേര്‍സ്- ADAK, FIRMA
  • CDA Head of NABARD, CMFRI, CIFT, MPEDA, IFP, Fisheries College, Dept of Aquatic Biology (KU), Industrial Fisheries (CUSAT), State Planning Board, അതത് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞന്മാര്‍, വിദഗ്ദ്ധര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഈ ഗൈഡന്‍സ് കൗണ്‍സിലാണ്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്.
  • ഇതിനു താഴെ സ്റ്റേറ്റ് ലെവല്‍ സ്റ്റീയറിംഗ് കമ്മിറ്റി, ജില്ലാതല സ്റ്റീയറിംഗ് കമ്മിറ്റികള്‍, പഞ്ചായത്ത് തല സ്റ്റീയറിംഗ് കമ്മിറ്റികള്‍ എന്നിവയില്‍ ഇതുപോലെ സര്‍‌വ സ്റ്റേക്ക് ഹോള്‍ഡര്‍മാരുടേയും പ്രാതിനിധ്യമുണ്ട്. ഇത്തരം കമ്മിറ്റികള്‍ ആണ്‌ പദ്ധതി ഇം‌പ്ലിമെന്റ് ചെയ്യുന്നതും വിലയിരുത്തൽ നടത്തുന്നതും.

പദ്ധതിയുടെ ഓര്‍ഗനൈസേഷണല്‍ സ്ട്രക്‌ചര്‍ താഴെക്കൊടുത്തിരിക്കുന്നു :


ജലസംഭരണീ മത്സ്യകൃഷി
സംസ്ഥാനത്ത് 53 ജലസംഭരണികള്‍ ഉള്ളതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള പത്തെണ്ണത്തില്‍ ആണ്‌ നിലവില്‍ മത്സ്യകൃഷി നടക്കുന്നത്. മൊത്തം 44,000 ഹെക്റ്റര്‍ വരുന്ന ജലസംഭരണികളില്‍ 6800 ഹെക്റ്റര്‍ മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളൂ. മത്സ്യകേരളം പ്രോജക്റ്റ് അജന്‍ഡ നമ്പര്‍ പത്ത് പ്രകാരം മറ്റു ജലസംഭരണികളിലേക്കും ഇത് വ്യാപിപ്പിക്കല്‍ പരിപാടിയായെടുത്തിട്ടുണ്ട്, എന്നാല്‍ ഇതിനു വിവിധ അനുമതികള്‍ മേല്പ്പറഞ്ഞ കമ്മിറ്റികളും ഇതില്‍ ഇല്ലാത്ത വകുപ്പുകളും നല്‍കേണ്ടതുമുണ്ട്. എന്തിനാണ്‌ ജലസംഭരണികളില്‍ മത്സ്യകൃഷി എന്നതില്‍ നിന്നും നമുക്ക് മുന്നോട്ട് പോകാം.
ഒരു അണക്കെട്ട് ഉണ്ടാകുമ്പോള്‍
പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ക്കാണ്‌ മനുഷ്യന്‍ നദികളില്‍ അണക്കെട്ട് ഉണ്ടാക്കുന്നത്. വൈദ്യുതി, ജലസേചനം, കുടിവെള്ള വിതരണം. ഇവ മൂന്നും മനുഷ്യന്റെ വികസനാവശ്യമാണെന്നതിനാല്‍ ആവശ്യങ്ങള്‍ പരിമിതികള്‍ വിടുമ്പോള്‍ അണക്കെട്ടിന്റെ പാരിസ്ഥിതിക വശം വിട്ടുകളയാന്‍ നാം നിര്‍ബന്ധിതരാകുന്നു. പരിസ്ഥിതിയുടെ വിവിധവശങ്ങള്‍ - വനനാശം, ബയോമാസ്സില്‍ വരുന്ന കുറവ് തുടങ്ങിയവ തല്‍ക്കാലം വിട്ടിട്ട് നമുക്ക് ജലജീവികളുടെ കാര്യം മാത്രമെടുക്കാം. നിര്‍മ്മാണ വേളയില്‍ നദീതടം കുഴിക്കുന്നത് ജലജീവിതത്തെ ബാധിക്കുന്നു. മീനുകളുടെ സ്വാഭാവിക പരിസ്ഥിതിയെയും ബ്രീഡിംഗ് സ്വഭാവത്തെയും ഇത് ബാധിച്ചേക്കാം. സിമന്റ്, രാസവസ്തുക്കള്‍ എന്നിവ വെള്ളത്തില്‍ എത്തിച്ചേരല്‍, പൈലിംഗ്, സ്ഫോടകവസ്തുക്കളുടെ ഉപയോഗം എന്നിവയും പ്രതികൂലമായി ബാധിക്കുന്നു. ഡാം കെട്ടിത്തീരുന്നതോടെ മൈഗ്രേറ്ററി സ്വഭാവമുള്ള മീനുകള്‍ക്ക് സഞ്ചാരം അസാധ്യമായി തീരുന്നു (ചില ആധുനിക ഡാമുകളില്‍ ഫിഷ് ലാഡ്ഡര്‍ ഉണ്ടാക്കാറുണ്ട്). മഹ്സീര്‍ പോലെയുള്ള മീനുകള്‍ സഞ്ചരിച്ച് ബ്രീഡ് ചെയ്യുന്നവയാണ്‌. അണക്കെട്ടിനു താഴെ നിന്നും മുകളിലേക്ക് സഞ്ചരിക്കാനാവാതെ അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നു. അണക്കെട്ടിലെ ജലത്തിന്റെ താപനില നദിയിലേതില്‍ നിന്ന് വത്യാസപ്പെട്ടതാണ്‌. ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്ന് മാലിന്യവും രാസവസ്തുക്കളും ഒഴുകി ജലസംഭരണിയില്‍ അടിഞ്ഞു കൂടുന്നു. മാക്രോഫൈറ്റുകളും മറ്റും വര്‍ദ്ധിക്കുന്നതും തനതു മത്സ്യങ്ങളെ ബാധിക്കുന്നു. മുന്നേ കരയായിരുന്ന ഭാഗം കൂറ്റന്‍ ജലാശയമാകുമ്പോള്‍ എട്ടോ പത്തോ അടി ആഴത്തില്‍ നദിയില്‍ ജീവിച്ചിരുന്ന മീനുകള്‍ക്ക് അതിലെ നൂറുകണക്കിനടി വെള്ളമുള്ള കൃത്രിമ തടാകം ഉപയോഗിക്കാനും കഴിയില്ലെന്നു വരുന്നു.
(കൂടുതല്‍ വിവരങ്ങള്‍ പരിസ്ഥിതിയും മത്സ്യകൃഷിയും എന്ന അധ്യായത്തിൽ). ജലസംഭരണികളില്‍ ആല്‍ഗേ വളരുന്നത് തിന്ന് ജീവിക്കുന്ന മത്സ്യങ്ങളില്ലാതെ പാഴായിപ്പോകുന്നു. ഈ സാധ്യതയാണ് ജലംസംഭരണികളില്‍ മത്സ്യകൃഷി എന്ന ആശയമായി ലോകമെമ്പാടും രൂപം കൊണ്ടത്.
ജലസംഭരണീ മത്സ്യകൃഷി വികസനത്തിനുള്ള ഫണ്ടിംഗ്

സംസ്ഥാനങ്ങള്‍ നടത്തുന്ന റിസര്‍വോയര്‍ മത്സ്യകൃഷിക്ക് ദേശീയ മത്സ്യവികസന ബോര്‍ഡ് ഒരു മീന്‍‌കുഞ്ഞിന് ഒരു രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നുണ്ട്. എന്‍ എഫ് ഡിബി ഇത്രയുമേ ഒരു കുഞ്ഞിനെ വിരിയിച്ച് റിസര്‍‌വോയറില്‍ ഇറക്കാന്‍ ചിലവുള്ളൂ എന്ന് കണക്കാക്കുന്നു. എന്നാൽ ചില ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നത് കേരളത്തില്‍ മീന്‍ കുഞ്ഞുങ്ങളെ അല്പം വളർച്ചയെത്തിയിട്ടാണ് റിസർവോയറിലേയ്ക്ക് വിടുന്നതെന്നും ആയതിനാൽ എന്‍ എഫ് ഡിബി കണക്കാക്കുന്നതിനേക്കാൾ അല്‍‌പ്പം കൂടുതല്‍ ചിലവ് ആകുന്നുണ്ടെന്നും ആണ്. അതെന്തുമാകട്ടെ, ഇങ്ങനെ വിടുന്ന മീനുകളില്‍ കുറെ എണ്ണം ജലസംഭരണിയുടെ അരികുവശങ്ങളിലും തുടക്കത്തിലും മറ്റും ജീവിക്കുന്ന തദ്ദേശീയ മീനുകള്‍ പിടിച്ചുതിന്ന് നശിക്കുന്നു. ചിലത് വളര്‍ച്ചയെത്തും മുന്നേ ചത്തുപോകുന്നു, മറ്റു ചിലത് നെറ്റിട്ടാല്‍ കിട്ടാതെ അടിത്തട്ടിലോ ഡാം ഭിത്തികരുകിലോ ജീവിച്ച് പ്രായമെത്തി ചത്തുപോകുന്നു. എങ്കിലും ഭൂരിഭാഗം മീനും ഒരുവര്‍ഷം കൊണ്ട് വളര്‍ച്ചയെത്തി ശരാശരി രണ്ടുകിലോ തൂക്കമുള്ള മീനായി വലയില്‍ തിരിച്ചെത്തുന്നു. അറുപതു ശതമാനത്തിനപ്പുറം മീന്‍ കുഞ്ഞുങ്ങള്‍ ഇങ്ങനെ രണ്ടുകിലോ മീനായി തിരിച്ച് കിട്ടുന്നുണ്ട്. മീന്‍‌കുഞ്ഞുങ്ങളെ (ഫിംഗര്‍ലിംഗ്സ്) ഇറക്കി വിട്ടാല്‍ പിന്നെ വലയിടുന്നതുവരെ ചിലവൊന്നുമില്ല. മാര്‍ക്കറ്റിലെ താണവില എടുത്താലും ഒരു കിലോ ഇന്ത്യന്‍ മേജര്‍ കാര്‍പ്പിന് അറുപതു രൂപ വിലയുണ്ട്. അതായത് ഇരുന്നൂറ്റി മുപ്പത്തെട്ടുലക്ഷം രൂപയ്ക്ക് മീന്‍‌കുഞ്ഞുങ്ങളെ ഇടുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് നൂറ്റിത്തൊണ്ണൂറു ലക്ഷം മീന്‍ അല്ലെങ്കില്‍ ഉദ്ദേശം ഇരുന്നൂറ്റി ഇരുപത്തെട്ട് കോടി രൂപ മൂല്യമുള്ള മീന്‍ ആണ് സമൂഹത്തിനു ലഭിക്കുന്നത്.

സര്‍ക്കാര്‍ മൂന്നുകോടിയില്‍ താഴെ മുതല്‍ മുടക്കിയാൽ വര്‍ഷം തോറും സമൂഹത്തിനു ഇരുന്നൂറ്റി ഇരുപത്തെട്ടുകോടി രൂപ ഉണ്ടാവുന്നു എന്നറിയുമ്പോഴാണ് പാഴായിപ്പോകുന്ന പായലിനെ ഭക്ഷ്യയോഗ്യമാക്കിയാല്‍ അതിനെന്തു മൂല്യവും പ്രയോജനവും ഉണ്ടെന്ന് മനസ്സിലാകുക. ഈ വാല്യൂ ആഡിങ്ങ് പ്രോസസിനെയാണ് എന്‍ എഫ് ഡിബി ഒരു ഫിംഗര്‍‌ലിങ്ങിനു ഒരു രൂപ പദ്ധതിയിലൂടെ താങ്ങി നിറുത്തുന്നത്. (ഇപ്പോഴത്തെ കേന്ദ്ര ഫണ്ടിങ്ങ് സമ്പ്രദായം ഫലപ്രദമാണെങ്കിലും ഇതിനെ കൂടുതല്‍ കാര്യക്ഷമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചിലവുകുറഞ്ഞതുമാക്കാനുള്ള ചില നിര്‍ദ്ദേശങ്ങൾ ഈ പഠനത്തിലുണ്ട്. വിദഗ്ദ്ധാഭിപ്രായങ്ങൾ : രണ്ട് എന്ന അദ്ധ്യായം നോക്കുക)

ജലസംഭരണീ മത്സ്യകൃഷികൊണ്ടുള്ള പ്രയോജനങ്ങള്‍

സംസ്ഥാന ഭക്ഷ്യസുരക്ഷാമിഷന്റെ ഭാഗമാണ് മത്സ്യകേരളം. ഭക്ഷണത്തിനായി അയല്‍‌സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം സ്വന്തമായി ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കേരളത്തിന്റെ ജനസാന്ദ്രത വച്ച് ഭൂപ്രദേശം, പ്രത്യേകിച്ച് കൃഷിസ്ഥലങ്ങള്‍ ചെറുതാണ്. പരിസ്ഥിതിയെ കാര്യമായി ബാധിക്കാത്ത തരം എല്ലാ ശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. മത്സ്യകേരളം പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ തന്നെ ഭക്ഷ്യസുരക്ഷാപ്രശ്നം എടുത്തു പറയുന്നുണ്ട്.

ഇപ്പോഴുള്ള പത്ത് റിസര്‍‌വോയറിലെ (അവ വനമേഖലയ്ക്ക് പുറത്താണെങ്കില്‍ക്കൂടി) മത്സ്യകൃഷിയും നടത്തുന്നത് പട്ടികവര്‍ഗ്ഗ/പട്ടികജാതി കോ‌ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ആണ്. വനമേഖലയ്ക്കുള്ളിലെ ജലസംഭരണികളില്‍ മീന്‍പിടിക്കുക ഗിരിവര്‍ഗ്ഗ ജനതയുടെ കോ‌ ഓപ്പറേറ്റീവുകള്‍ ആയിരിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്ക്, പ്രത്യേകിച്ച് പിന്നോക്കാവസ്ഥയനുഭവിക്കുന്നവരുടെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിലേക്കുള്ള കാല്‍‌വയ്പ്പാണ് ഇത്.

നിര്‍മ്മിത ഉത്പന്നങ്ങളുടെ വിലകൊണ്ട് നോക്കുമ്പോള്‍ തുലോം നിസ്സാരമായ മുതല്‍ മുടക്കേ ഇതിനു വരുന്നുള്ളൂ (റിസര്‍‌വോയര്‍ മത്സ്യകൃഷിയെക്കാള്‍ ചിലവു കുറഞ്ഞതോ പരിസ്ഥിതിസൌദൃദപരമായതോ ആയ മറ്റൊരുതരം ശുദ്ധജല മത്സ്യകൃഷിയുമില്ല എന്നാണ് ഡോ. വി വി സുഗുണന്റെ അഭിപ്രായം വിദഗ്ദ്ധാഭിപ്രായങ്ങള്‍ രണ്ടില്‍ ശ്രദ്ധിക്കുക)


അവലംബം:
  • Dams, Fish and Fisheries: Opportunities, Challenges and Conflict Resolution, Gerd Marmulla (FAO, 2001)
  • മത്സ്യകേരളം പ്രോജക്റ്റ് റിപ്പോര്‍ട്ട്
  • മത്സ്യകേരളം വാർഷിക റിപ്പോർട്ട്

No comments:

Post a Comment