Monday, February 21, 2011

ജലസംഭരണീ മത്സ്യകൃഷി : പഠനങ്ങള്‍

ഡോ. വി വി സുഗുണന്‍ റിസര്‍‌‌വോയര്‍ ഫിഷറീസില്‍ ഇന്നുള്ളവരില്‍ വിഖ്യാതനായ ശാസ്ത്രജ്ഞനാണ്‌. ഇദ്ദേഹം എഴുതി യുണൈറ്റഡ് നേഷന്‍സ് പ്രസിദ്ധീകരിച്ച Reservoir Fisheries of India എന്ന പുസ്തകത്തില്‍ കേരളത്തിലെ റിസര്‍‌വോയറുകളുടെ പ്രത്യേക ഭൂമിശാസ്ത്ര- പാരിസ്ഥിതിക സ്ഥിതികള്‍ കണക്കിലെടുത്ത് ഇവിടത്തെ റിസര്‍‌വോയര്‍ കൃഷിയുടെ വിവിധ തലങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തേണ്ടതുണ്ട് എന്ന് വളരെ മുൻപേ നിരീക്ഷിച്ചിരുന്നു. ഡോ: സുഗുണനുമായുള്ള സംഭാഷണം ഇവിടെ.

 പ്രസ്തുത പുസ്തകം എഴുതുന്ന കാലയളവില്‍  ഒരു പ്രമുഖ പഠനം ജര്‍മ്മനിയിലെ കോഫാഡ് കണ്‍സള്‍ട്ടന്റുമായി ചേര്‍ന്ന് കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. മത്സ്യബന്ധനം, മത്സ്യകൃഷി, പ്രകൃതിവിഭവസം‌രക്ഷണം, ജൈവസം‌രക്ഷണം, സഹകരണ വികസനം (കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ്)  എന്നിവയില്‍ ലോകത്ത് ഏറ്റവും വലിയ പ്രവൃത്തി പരിചയവും സല്‍‌പ്പേരും ഉള്ള കണ്‍സള്‍ട്ടന്‍സിയാണ്‌ ജര്‍‌മനി ആസ്ഥാനമായ കോഫാഡ് കണ്‍സള്‍ട്ടന്‍സ്. ജര്‍മനി, പോര്‍ച്ചുഗല്‍, ഗ്രീസ്, റൊമേനിയ, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, സിറിയ, ജോര്‍ഡാന്‍, ശ്രീലങ്ക, പെറു, ചിലി, ഇക്വഡോർ, മൊറോക്കോ, സൗദി അറേബ്യ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലെ അനേകം രാജ്യങ്ങള്‍ക്ക് മേല്പ്പറഞ്ഞ വിഷയങ്ങളില്‍ കണ്‍സള്‍ട്ടന്‍സി സര്‍‌വീസ് നല്‍കിയിട്ടുള്ള കോഫാഡ് യുണൈറ്റഡ് നേഷന്‍സ്, ഐ എല്‍ ഓ തുടങ്ങി അന്താരാഷ്ട്ര സംഘടനകള്‍ക്കും കണ്‍സള്‍ട്ടന്‍റ്സ് ആയി വര്‍ത്തിച്ചിട്ടുണ്ട്.

കോഫാഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സം‌യുക്ത പ്രോജക്റ്റ് ആയിരുന്നു The Indo-German Reservoir Fisheries Development Project (കേരളത്തിനു വേണ്ടി മുഖ്യമന്ത്രി കെ കരുണാകരന്‍ കരാറില്‍ ഒപ്പിട്ടു) . 1992ല്‍ ആരംഭിച്ച പഠനങ്ങളും ഗവേഷണങ്ങളും 1998ല്‍ അവസാനിച്ചു. ഈ കാലയളവില്‍ 41 പഠന റിപ്പോര്‍ട്ടുകള്‍ (റിസര്‍‌വോയര്‍ ഫിഷറീസ് സം‌ബന്ധിച്ച ഒട്ടു മിക്ക വിഷയങ്ങളും ഉള്‍പ്പെടുത്തി) പ്രസ്തുത പ്രോജക്റ്റ് നിര്‍മ്മിക്കുകയുണ്ടായി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തിലെ എല്ലാ റിസര്‍‌വോയറുകളിലും ഇന്ത്യന്‍ കാര്‍പ്പുകളുടെ കൃഷി ചെയ്യാവുന്നതാണ്‌ എന്ന് അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകള്‍ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ ആയി ഉള്ളതിനാലും ഫണ്ടിങ്ങ് തുടങ്ങിയ പരിമിതികള്‍ ഉള്ളതിനാലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ മെല്ലെയേ പുരോഗമിച്ചുള്ളൂ. മത്സ്യകേരളം പദ്ധതിയുടെ ആധാരം ഈ പഠനസമാഹാരമാണ്‌ (പട്ടികയിലേക്ക് ലിങ്ക്).

തത്തുല്യമായ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള പഠനം മറ്റു സംസ്ഥാനങ്ങളില്‍ നടന്നിട്ടില്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളും കേരളാ മോഡല്‍ ആണിന്ന് പിന്‍‌തുടരുന്നത്. ഇന്‍ഡോ ജെര്‍മ്മന്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രോജക്റ്റ് മാതൃകയാണ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു യോജിച്ചതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അഭിമുഖത്തില്‍ ഞങ്ങള്‍ ഡോ. സുഗുണനോട് പഠനങ്ങളുടെ ലഭ്യതയെപ്പറ്റി തിരക്കിയിരുന്നു. കോഫാഡ് പഠനങ്ങള്‍ മാത്രമല്ല, ഇന്ത്യയില്‍ ലഭ്യമായ മറ്റു പഠനങ്ങളും വനമേഖലയില്‍ തമിഴ് നാട് സര്‍ക്കാരിന്റെ  ഇതുവരെയുള്ള അനുഭവങ്ങളും എല്ലാം കണക്കിലെടുക്കുമ്പോള്‍ നിലവിലെ  വിവരലഭ്യത തൃപ്തികരമെന്നാണ്‌ അദ്ദേഹത്തിന്റെയും അഭിപ്രായം. 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും   ഈ പഠനത്തില്‍ പേരെടുത്തു പരാമര്‍ശിച്ചവരും അല്ലാത്തവരുമായ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും ഒരു പാരിസ്ഥിതിക പഠനം ഞങ്ങള്‍ അടുത്ത അദ്ധ്യായമാക്കുന്നു.

[പാരിസ്ഥിതികാഘാതം സംബന്ധിച്ച് കൂടുതൽ പഠനത്തെളിവുകൾക്കായി ബയോഡൈവേര്‍സിറ്റി ബോര്‍ഡ് ആവശ്യമുന്നയിച്ചിരുന്നു, ഇതിലേക്കായി സര്‍ക്കാര്‍ ഈ വിഷയത്തിലെ ഏറ്റവും ആധികാരിക ഡോ. സുഗുണനെയാണ്‌ ബന്ധപ്പെട്ടതെന്ന് ഇപ്പോള്‍ അറിയുന്നു.  ഇതറിയും മുന്നേയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ഇന്റര്‍‌വ്യൂ ചെയ്തത്]

Reference:-
  • T. Petr. Fisheries in irrigation systems of arid Asia. Food and Agriculture Organization of the United Nations (പേജ് 53)


No comments:

Post a Comment