Friday, February 18, 2011

തവ മുതല്‍ അമരാവതി വരെ


പരിസ്ഥിതി നാശം ആധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നടക്കുന്ന വൃത്തിയാണ്‌. നൂറു വര്‍ഷം മുന്നേ വരെ കേരളത്തിന്റെ ഭൂരിഭാഗവും വനഭൂമിയായിരുന്നു. ഇന്നത് 20.2 ശതമാനമാണ്. തോട്ടങ്ങളും കൃഷിയിടങ്ങളും കുടിയേറ്റവും വീടുകെട്ടലും റബ്ബറും തേയിലയും ഒക്കെയായി ബാക്കിയുള്ള ഭാഗം നശിച്ചു നാടായി മാറി.
കേരളത്തിലെ നാല്‍‌പ്പത്തിനാലു പുഴകളും മരിച്ചുകൊണ്ടേയിരിക്കുന്നു. വൈദ്യുതിയ്‌ക്കായും ജലസേചനത്തിനായും ഡാമുകള്‍ കെട്ടി നമ്മള്‍, വീടു വയ്ക്കാന്‍ മണല്‍ കോരി തീര്‍ത്തു, മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളി, മരം വെട്ടിത്തീര്‍ത്തു, കുന്നുകള്‍ ഇടിച്ചു തള്ളി. അതൊക്കെ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു.
നമുക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വേണം, വിമാനങ്ങള്‍ വരെ - അപ്പോള്‍ കാര്‍ബണ്‍ ഫുട്ട് പ്രിന്റിനെ നമ്മള്‍ മറന്നു പോകും. നമുക്ക് ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിടാന്‍ പോളിത്തീന്‍ കീശകള്‍ വേണം, നമുക്ക് വെളിക്കിറങ്ങുമ്പോള്‍ ഫ്ലഷ് ചെയ്യാന്‍ റണ്ണിങ്ങ് വാട്ടര്‍ വേണം. ആവശ്യങ്ങള്‍ക്കു മുന്നില്‍ പരിസ്ഥിതിയെ മറക്കുകയാണ്‌ നാമെല്ലാം ചെയ്യാറ്.
കുമരകം പക്ഷി‌സങ്കേതം വനം വകുപ്പിന്റെ കീഴിലല്ല, കെ റ്റി ഡി സിയുടെ ഉടമസ്ഥതയിലാണ്‌. വേമ്പനാട്ടു കായലിനോട് തണ്ണീര്‍മുക്കം ബണ്ടും ഹൗസ് ബോട്ടുകളും റിസോര്‍ട്ടുകളും ചെയ്യുന്നതെന്തെന്ന് നാം ഓര്‍ക്കാറില്ല. വിനോദത്തിനു മുന്നില്‍ പോലും നമ്മുടെ പരിസ്ഥിതിബോധം മാറി നില്‍ക്കും. കേരളവനം വകുപ്പിന്റെ കയ്യിലുള്ള ഭൂമി പോലും പൂര്‍ണ്ണമായും കാടല്ല. വനം വകുപ്പിന്റെ കീഴില്‍ ഉള്ള ഭൂമിയില്‍ (9.4 ലക്ഷം ഹെക്റ്റര്‍ ) 16.3% (1.54 ലക്ഷം ഹെക്റ്റര്‍) തോട്ടങ്ങളാണ്, വനഭൂമി കേരളത്തിന്റെ 20.2% മാത്രമേയുള്ളൂ.
ഇതിലൊന്നും യാതൊരു പങ്കുമില്ലാതെ പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുന്നവരാണ്‌ ആദിവാസികള്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളത്തിലെ വനങ്ങള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനെ (വെറും തടിവ്യവസായ വകുപ്പ് ആയിരുന്നു അന്നിത്) ഏല്പ്പിച്ച നിമിഷം കേരളത്തിലെ ആദിവാസികള്‍ മൊത്തമായും അനധികൃത താമസക്കാരായിപ്പോയി, സ്വന്തം പേരില്‍ ഭൂമി എന്ന സങ്കല്പ്പമില്ലാത്ത അവര്‍ക്ക് വസ്തുപ്രമാണങ്ങളോ രേഖകളോ ഇല്ലായിരുന്നു. പലര്‍ക്കും സ്ഥിരമായ വാസസ്ഥലവും ഇല്ല. അവരങ്ങനെ അവരുടേതല്ലാത്ത കുറ്റത്തിനു ഭൂരഹിതരായപ്പോള്‍ കുടിയേറ്റം നടത്തി വനം കയ്യേറി അവിടം കൃഷിഭൂമിയും തോട്ടങ്ങളുമാക്കിയ നമ്മള്‍ 'പരിഷ്കൃത' മനുഷ്യരുടെ കൊച്ചുമക്കള്‍ അക്കഥ പ്രപിതാമഹരുടെ വീരഗാഥകളായി വിളമ്പാറുണ്ട്. അനിധിവേശ ഭരണകൂടം നമ്മുടെ വനത്തിന്റെ നല്ലൊരു ശതമാനം തോട്ടങ്ങളാക്കിത്തീര്‍ക്കുകയും ചെയ്തു.
ഇന്ത്യയില്‍ അവശേഷിക്കുന്ന വനഭൂമിയെ സം‌രക്ഷിക്കാന്‍ ഏറ്റവും വലിയ നിയമയുദ്ധം നടത്തിയ ആളാണ്‌ ടി. എന്‍. ഗോദവര്‍മ്മന്‍ തിരുമുൽ‌പ്പാട്. തിരുമുല്പ്പാട് ഇന്ത്യാ സര്‍ക്കാരിനെ പ്രതിചേര്‍ത്ത് സുപ്രീം‌കോടതില്‍ നിന്നു നേടിയ വിധി പ്രശംസനീയമായ ഒന്നായിരുന്നു. 'വനം' എന്നാല്‍ ഫോറസ്റ്റ് ആക്റ്റ് അനുസരിച്ച് നിര്‍ണ്ണയിച്ച വനം മാത്രമല്ല നിഘണ്ടുവിലെ നിര്‍‌വചനപ്രകാരം വനഭൂമിയായ സകലതും അതില്‍ പെടുന്നു എന്ന സുപ്രീം‌കോടതിയുടെ നിര്‍ദ്ദേശം വനം കയ്യേറ്റത്തിനെതിരേ നിയമത്തിന്റെ പഴുതുകളും സര്‍‌വേ രേഖകളിലെ തിരിമറികളും ഉപയോഗിച്ചുള്ള വനം കയ്യേറ്റത്തിനെക്കൂടി തടയിടാന്‍ അധികാരം സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതായിരുന്നു.
ഒട്ടേറെ ശ്രദ്ധേയമായ ഉത്തരവുകള്‍ കോടതി നടത്തിയിരുന്നു (ഉദാഹരണത്തിനു വനം കയ്യേറിയവരില്‍ നിന്നും റീഫോറസ്റ്റേഷനുള്ള ചിലവ് പിഴയായി ഈടാക്കി അവിടം തിരിച്ചു പിടിച്ച് വനവത്കരിക്കുക) അതിലൊന്ന് കയ്യേറ്റം ചെയ്തിട്ടുള്ള എല്ലാ ഭൂമിയുടെ റിക്കോര്‍ഡുകള്‍ ഹാജരാക്കി അതിനെ തിരിച്ചെടുത്ത് പിഴയീടാക്കി വനവത്കരിക്കണം എന്നതായിരുന്നു. [1]
തിരുമുൽ‌പ്പാടിന്റെ സ്വന്തം കേരളത്തില്‍ പക്ഷേ, അദ്ദേഹത്തിനു ആഹ്ലാദിക്കാന്‍ വകയൊന്നുമുണ്ടായിരുന്നില്ല. പതിനായിരത്തോളം ഹെക്റ്റര്‍ വനഭൂമി കയ്യേറിയ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു (ഇന്ത്യയാകമാനം നാല്പത്തിമൂന്ന് ലക്ഷം ഹെക്റ്ററാണ്‌ കയേറിയ വനം) ഇത് ഏതാണ്‌ പൂര്‍ണ്ണമായും ആദിവാസികള്‍ കയ്യേറി എന്നായിരുന്നു രേഖ. ശരിക്കും ഭൂമി അവരുടെ കയ്യില്‍ ഇല്ലതാനും. ആദിവാസികളുടെ പേരില്‍ ഭൂമി കയ്യേറ്റം ചെയ്തും മറ്റുകയ്യേറ്റങ്ങള്‍ രേഖകളില്‍ തിരിമറിച്ചും പട്ടയം വാങ്ങിയും കേരളത്തിലെ വനം കയ്യേറ്റക്കാര്‍ സൂത്രത്തില്‍ രക്ഷപെടുകയായിരുന്നു.
ഒരു അണ കെട്ടുമ്പോള്‍ പുഴയ്ക്ക് എന്നെന്നേയ്ക്കുമായി ഒരാഘാതം സംഭവിക്കുന്നു. ആദിവാസികളുടെ ആവാസ സ്ഥലങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നു. ആയിരക്കണക്കിനു ഹെക്റ്റര്‍ വനഭൂമി ജലം വിഴുങ്ങുന്നു. മത്സ്യബന്ധനത്തില്‍ നിന്നുള്ള ഭക്ഷ്യലഭ്യത കുറയുന്നു. വൈദ്യുതിയും ജലസേചനവും അവരുടെ ആവശ്യമല്ല താനും. വനം മേഖലയിലും പരിസരങ്ങളിലും ജലസംഭരണീ മത്സ്യകൃഷി നടത്തുമ്പോള്‍ മത്സ്യബന്ധനത്തിനുള്ള പൂര്‍ണ്ണാവകാശം ആദിവാസികള്‍ക്ക് കൊടുക്കുന്നതിന്റെ കാരണവും അതാണ്‌.

കേരളത്തില്‍ ഏറ്റവും ദരിദ്രരും ഏറ്റവും കുറഞ്ഞ ആയുര്‍‌ദൈര്‍ഘ്യമുള്ളവരും ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരും ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും ആദിവാസികളാണ്‌. പട്ടിണിയും പോഷകാഹാരക്കുറവും ക്ഷയരോഗവും കുഷ്ടരോഗവും പരിഷ്‌കൃതരായ കേരളീയരുടെ തട്ടിപ്പും ചൂഷണവും ഒക്കെ കൊണ്ട് നട്ടം തിരിയുന്ന മൊത്തം ജനസംഖ്യയുടെ വെറും ഒന്നേകാല്‍ ശതമാനം വരുന്ന നിസ്സഹായര്‍, അവരുടെ നിസ്സാരശബ്ദങ്ങളെയും ദുര്‍ബ്ബല പ്രതിഷേധനങ്ങളെയും കാലാകാലമായി അടിച്ചമര്‍ത്തിപ്പോരുന്നു [2].
അവര്‍ക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യം ആലോചിക്കുമ്പോള്‍ തന്നെ നമുക്ക് പാരിസ്ഥിതിക വശത്തെപ്പറ്റി വലിയ ആശങ്കയുണ്ടാകും. ഈ വിഷയത്തില്‍ വന്ന ഒരു പോസ്റ്റില്‍ ആദിവാസികള്‍ക്ക് മാത്രം മീന്‍‌പിടിക്കാന്‍ അവകാശമുള്ളയിടത്ത് മത്സ്യം വളര്‍ത്തിയാല്‍ "കര്‍ഷകന് ‌" പ്രയോജനമില്ല എന്നു വരെ കണ്ടു. ആദിവാസിയെ നമ്മളില്‍ ഒരാളായി കാണാനുള്ള വിമുഖത വ്യക്തമായും അതില്‍ തെളിയുന്നു.

അണ കെട്ടിയപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഉപജീവനവും സര്‍ക്കാര്‍ നിഷേധിച്ച കഥയാണ്‌ മധ്യപ്രദേശിലെ ‘തവ ജലസംഭരണിയുടേത്. കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും വനഭൂമി ചേരുന്ന ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് സാങ്‌ച്വറിയില്‍ സ്ഥിതി ചെയ്യുന്ന ‘അമരാവതി‘ ഡാമിന്റെ റിസര്‍‌വോയറില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ കൃഷി ചെയ്യുന്നത് പിടിക്കാന്‍ ഉള്ള അവകാശം അമരാവതിയിലെ ആദിവാസികള്‍ക്ക് നല്‍കുക വഴി ജലസംഭരണി നിര്‍മ്മിക്കല്‍ വഴി അവരോട് ചെയ്ത തെറ്റിനു ഭാഗികമായെങ്കിലും പ്രായശ്ചിത്തം ചെയ്‌തു തമിഴ്‌നാട് സര്‍ക്കാര്‍.

വികസനം പരിസ്ഥിതിക്കേല്‍‌പ്പിക്കുന്ന ആഘാതത്തെ മറന്നുകളയണമെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ വികസനത്തിന്റെ ദുരന്തവശങ്ങള്‍ മാത്രം ലഭിക്കുന്നവരെ സൌകര്യപൂര്‍വ്വം മറക്കുന്നത് നന്ദികേടും സ്വാര്‍ത്ഥതയുമാണ്. കൂടുതല്‍ കൂടുതല്‍ സാമ്പത്തിക വികസനം എന്നല്ല, ആവശ്യത്തിനു ആവശ്യമുള്ളവര്‍ക്ക് വികസനം എന്നായിരിക്കണം പരിസ്ഥിതിബോധമുള്ളവര്‍ മാതൃകയാക്കേണ്ടത് എന്ന് ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍ പറയുന്നു. ദരിദ്രരെയും ചൂഷിതരും ഒരുഭാഗത്തും പരിസ്ഥിതി സംരക്ഷകര്‍ മറ്റൊരുഭാഗത്തും ആണ് എന്ന അവസ്ഥ വരുത്തി അവരിരുവരെയും തമ്മില്‍ തല്ലിച്ച് പരിസ്ഥിതി സംരക്ഷണത്തിനു തടയിടുക വഴി ചൂഷണക്കാര്‍ തുടര്‍ന്നും “പ്രകൃതിയെ തങ്ങള്‍ക്കാവശ്യമുള്ളത് ഊറ്റിയെടുക്കാനുള്ള ടാപ്പ് ആയും ചണ്ടി തുപ്പാനുള്ള കോളാമ്പിയായും ഉപയോഗിക്കുന്നത്” കൌശലപൂര്‍‌വം തുടരുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുന്നത് എങ്ങനെയെന്ന് ഫോസ്റ്റര്‍ ദീര്‍ഘമായി വിവരിക്കുന്നുണ്ട് [4]

"ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പൊതുവായ കേരളം നേടിയതൊന്നും ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. അതേസമയം വികസനമാതൃകയുടെ പിന്നാമ്പുറങ്ങളില്‍ രൂപപ്പെട്ട സാമൂഹ്യ തിന്മകളുടെ ദൌര്‍ബല്യങ്ങള്‍ ആദിവാസികള്‍ അനുഭവിക്കുകയും ചെയ്തു. വനമേഖലയിലെ നാണ്യവിള പ്രോത്സാഹനം, സംഘടിതകുടിയേറ്റം, വനം കയ്യേറ്റം, സേവനമേഖലകളുടെ ഗുണനിലവാരമില്ലായ്മ, രാഷ്ട്രീയ- മാഫിയ ബന്ധം, ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം എന്നിവയുടെയെല്ലാം ദോഷഫലങ്ങള്‍ ഏറെയും അനുഭവിച്ചത് ആദിവാസികള്‍ ആയിരുന്നു...മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആദിവാസികളടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കേരള വികസനമാതൃക കൂടുതല്‍ ശക്തവും വിശാലവും ആയിത്തീരണം."[3]

കേരളത്തില്‍ പത്ത് അണക്കെട്ടുകളിലാണ്‌ മുന്‍‌കാലങ്ങളില്‍ മത്സ്യകൃഷി നടത്തി വന്നിരുന്നത്. ഇവ സം‌രക്ഷിത വനഭൂമിക്ക് പുറത്താണെങ്കിലും പട്ടികവര്‍ഗ്ഗ/പട്ടികജാതി കോ‌ഓപ്പറ്റീവുകള്‍ക്ക് മത്സ്യബന്ധനാവകാശം നല്‍കി ഉത്തമ മാതൃകകാട്ടിയവരാണ്‌ നമ്മുടെ ഫിഷറീസ് വകുപ്പ്. ഇന്തോ ജര്‍മ്മന്‍ പഠനം ഇതേപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രദേശത്തെ പരമദരിദ്രരായ പിന്നോക്കക്കാര്‍ക്ക് ഭക്ഷ്യസുരക്ഷയും സാമ്പത്തിക നേട്ടവും നേടിക്കൊടുക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞു. [5]

എന്നിട്ടും ചോദ്യമുയരുന്നു - ട്രൈബല്‍സിനു മാത്രം മത്സ്യബന്ധനാവകാശം ഉള്ള സ്ഥലങ്ങളില്‍ മീന്‍ കിട്ടിയാല്‍ നമുക്കെന്തു ലാഭം? 'ട്രൈബല്‍സി'നെ നമ്മളായി നമ്മളൊരിക്കലും കാണാറില്ലല്ലോ. തവയിലെപ്പോലെ പ്രതിഷേധിക്കാനോ കോടതി കയറാനോ ഉള്ള അംഗബലമില്ല കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്. വോട്ടുബാങ്കായിപ്പോലും ആരും കരുതിയിട്ടില്ലാത്ത ഒരുശതമാനം ആളുകള്‍.

അവലംബം:
  1. T N Godavarman Thirumulpad Vs Union of India & Ors. In WP (C) No. 202/95 with WP (C) No. 171/96 decided on 12.12.1996
  2. Kerala Development Report (2008).Government of India Planning Commission, p. 44.
  3. ആദിവാസി സമരത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍: ശാസ്ത്രസാഹിത്യ പരിഷത്ത്. പേജ് 57 (2010 ed).
  4. ജോണ്‍ ബെല്ലാമി ഫോസ്റ്റർ. മുതലാളിത്തത്തിനെതിരേ പരിസ്ഥിതി വിജ്ഞാനം. (ശാസ്ത്രസാഹിത്യ പരിഷത്ത്, 2006).
  5. D.M. Peters and C. Feustel. Social & Economic Aspects of Enhancement in Kerala Reservoirs [COFAD] (1998)

No comments:

Post a Comment