Monday, February 21, 2011

പരിസ്ഥിതിയും മത്സ്യകൃഷിയും

അണക്കെട്ടുകളുടെ നിര്‍മ്മാണവും അതിനെ തുടര്‍ന്ന് രൂപം കൊള്ളുന്ന ജലസംഭരണിയും ജലജീവികളെ സാരമായി ബാധിയ്ക്കുന്നു എന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ടു. ജല ജീവികളുടെ കുടിയേറ്റ മാര്‍ഗങ്ങള്‍ തടസ്സപ്പെടുന്നു, ഡാം നിര്‍മ്മാണവേളയില്‍ സിമന്റ്, രാസവസ്തുക്കള്‍, സ്ഫോടനം തുടങ്ങിയവ ജലത്തെ മലിനമാക്കുന്നു (റിസര്‍‌വോയര്‍ ഉണ്ടാകുമ്പോള്‍ തന്നെ വളരെയേറെ സ്വാഭാവിക മീന്‍ അതിലെത്തി ചത്തൊടുങ്ങും എന്ന ഡോ. സുഗുണന്റെ നിരീക്ഷണം ശ്രദ്ധിക്കുക) തുടങ്ങിയ കാര്യങ്ങള്‍ നാം "തവ മുതല്‍ അമരാവതി വരെ എന്ന അദ്ധ്യായത്തില്‍ കണ്ടു)

ഇനി നമുക്ക് ജല-ജൈവ വ്യവസ്ഥയില്‍ ഇതുണ്ടാക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിയ്ക്കാം. ഭൂരിപക്ഷം നദികളും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായവയാണ്. ഇതോടൊപ്പം ആ ജലത്തില്‍ ജീവനും ഉത്ഭവിച്ചു. ഒരു അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ അത് ഒരു ജല സംഭരണിയ്ക്ക് രൂപം കൊടുക്കുന്നു. ഇതാകട്ടെ മത്സ്യങ്ങള്‍ സ്ഥിരമായി അനുഭവിച്ചു വരുന്നതില്‍ നിന്നു വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയെ സൃഷ്ടിക്കുന്നു. ചിലതരം മത്സ്യങ്ങള്‍, തങ്ങളുടെ സ്വഭാവ സവിശേഷതകളനുസരിച്ച് ഈ പുതിയ ആവാസ വ്യവസ്ഥയെ കുറച്ചെങ്കിലും സ്വീകരിക്കുകയും അതിലേക്ക് മാറി ജീവിയ്‌ക്കുകയും ചെയ്യുന്നു. എന്നാല്‍,കേരളത്തിലെ നദികളിലെ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ വിശദമായ സര്‍വേയും പഠനവുമൊക്കെ നടത്തിയിട്ടുള്ള ഡോ കുറുപ്പിനെപ്പോലെയുള്ള വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കേരളത്തിന്റെ തനതായ മത്സ്യങ്ങളില്‍ ഭൂരിപക്ഷവും ഇത്തരം മാറ്റങ്ങളോട് യോജിച്ചു പോകാത്തവയാണ്. നൂറുകണക്കിനു മീറ്റര്‍ ആഴമുള്ള ജലാന്തരീക്ഷത്തില്‍ ജീവിച്ചു പരിചയമുള്ളവയല്ല അവ‍. മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍ അണക്കെട്ടുകൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. അതു മൂലം നിറഞ്ഞു കവിഞ്ഞ് താഴോട്ടുള്ള ജലപ്രവാഹം തടസ്സപ്പെടുന്നു. ഇത് മത്സ്യങ്ങളിലെ പ്രജനന രീതിയെ സാരമായി ബാധിയ്‌ക്കുന്നു. ഉഷ്ണമേഖലാ മത്സ്യങ്ങളില്‍ മിക്കതിന്റെയും പ്രജനന കാലത്തിനു തിരികൊളുത്തുന്നത് മഴക്കാലം ഉണ്ടാക്കുന്ന ജലവിതാന-ജലഘടനാ വത്യാസങ്ങളാണ് എന്നതാണ് അതിനു കാരണം. അണ കെട്ടിയ നദിയില്‍ മഴക്കാലം വരുത്തുന്ന വ്യത്യസ്‌ത ജലപ്രവാഹത്തെ ക്യാച്ച്‌മെന്‍റ്റ് ഏരിയ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് അണക്കെട്ടിനു താഴെ റെയിന്‍ ഇഫക്റ്റ് തീരെ കുറഞ്ഞു പോകുന്നതിനു ഇടയാക്കുന്നു.

ജലസംഭരണികളിലെ ഊഷ്മാവ് സാധാരണ നദികളിലേതിനേക്കാള്‍ ഉയര്‍ന്നു കാണപ്പെടുന്നു. മാത്രവുമല്ല, ഒഴുകി അടിയുന്ന ചെളിയും എക്കലും ഊറലുകളും മൂലം ജലസംഭരണികളിലെ രാസവസ്തുക്കളുടെ ഘടനയിലും സാരമായ മാറ്റം വരുന്നു. ജലസംഭരണികള്‍ തടാകങ്ങള്‍ പോലെ ആയതിനാല്‍ മത്സ്യങ്ങള്‍ക്ക് ജലപ്രവാഹം അനുഭവപ്പെടാതെ വരുന്നു.

റിസര്‍‌വോയറുകള്‍ ജല-ജൈവ വ്യവസ്ഥയില്‍ മറ്റു ചില പ്രശ്നങ്ങള്‍ കൂടി സൃഷ്ടിക്കുന്നു. ഈ വ്യവസ്ഥയിലെ ആഹാരശൃംഖലയിലെ ഒന്നാം കണ്ണിയില്‍ വരുന്ന ചെറുമീനുകള്‍ ആവശ്യത്തിന് ഇല്ലാ‍ത്തത് മൂലം അവയുടെ ആഹാരമായ മൈക്രോസിസ്റ്റുകളും മറ്റു സൂക്ഷ്മ സസ്യങ്ങളും വര്‍ദ്ധിയ്ക്കാനിടയാകുന്നു. ഇത് ഒരു വലിയ കളയായി രൂ‍പം കൊള്ളുന്നു. ഇത്തരം കളകള്‍ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ മത്സ്യങ്ങളുടെ ജീവിതത്തിനു മാത്രമല്ല, ചാലക്കുടിപ്പുഴയില്‍ സംഭവിച്ചതുപോലെ മറ്റു മൃഗങ്ങളുടേയും മനുഷ്യരുടേയും ജീവനുതന്നെ ഭീഷണിയാകുന്നു.

കേരളത്തിലെ അണക്കെട്ടുകളോടനുബന്ധിച്ച ജലസംഭരണികളില്‍ നടത്തിയ പല പഠനങ്ങളും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരി വച്ചിട്ടുണ്ട്. കക്കിയിലേയും ഇടുക്കിയിലേയും ജല സംഭരണികളില്‍ വാര്‍ഷ്‌നേ, സുശീല്‍‌കുമാര്‍ , മിശ്ര എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനം (Current Status of Aquatic Weeds and Their Management in India- 2008), ശ്രീ ജയപാലനും മറ്റുള്ളവരും ചേര്‍ന്ന് പെരിയാറിലെ ഇടയാറില്‍ നടത്തിയ പഠനം( 1976), ശ്രീമതി സരളാദേവിയും മറ്റുള്ളവരും ചേര്‍ന്ന് പെരിയാറില്‍ തന്നെ നടത്തിയ പഠനം( 1979) എന്നിവ ഈ വസ്തുതകളെ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. (ഈ ഗവേഷണത്തോട് ഡോ. സുഗുണന്‍ യോജിക്കുകയുണ്ടായില്ല എന്നതും കൂടി പറയേണ്ടിയിരിക്കുന്നു. മൈക്രോസിസ്റ്റുകളും മറ്റും ജലസംഭരണിയില്‍ വളര്‍ന്ന് മനുഷ്യനടക്കം ഒരു ജന്തുവിനും പ്രയോജനമില്ലാതെ പോകുന്നു എന്നല്ലാതെ അണക്കെട്ടിലെ സൂക്ഷ്മസസ്യവളര്‍ച്ച മൂലമാണ് പുഴകളില്‍ ബ്ലൂം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിനഭിപ്രായമില്ല).

നദികളിലെ പാരിസ്ഥിതിക സംരക്ഷണം എന്നത് കൃത്രിമമായി സൃഷ്‌ടിയ്‌ക്കപ്പെട്ട ജലസംഭരണികളിലല്ല , മറിച്ച് നദികളില്‍ തന്നെയാണ് ചെയ്യേണ്ടത് (ഡോ.സുഗുണനും, ഡോ. കുറുപ്പുമായുള്ള അഭിമുഖങ്ങള്‍ കാണുക). എന്നാല്‍ ഇത് ഒരിക്കലും പാലിക്കപ്പെടുന്നില്ല. ഓരോ നദിയിലേയും ജല-ജൈവ വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ഒരു മൂല്യനിര്‍ണ്ണയം നടത്തുക അസാധ്യമായതിനാല്‍ എല്ലാറ്റിന്റേയും പ്രാതിനിധ്യം വഹിക്കുന്ന, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയെ ‌- പെരിയാറിനെ - മാത്രം ഇവിടെ പാരിസ്ഥിതിക അന്വേഷണത്തിനു വിധേയമാക്കുന്നു.
പ്രവര്‍ത്തനം
ഫലം
ഭൂ വിനിയോഗം പെരിയാര്‍ നദിയുടെ 35% ഉം വനപ്രദേശമാണ്.പക്ഷേ ഭൂരിപക്ഷം സ്ഥലങ്ങളും കൃഷിയ്‌ക്ക് ഉപയോഗിയ്‌ക്കുന്നു.ഉയര്‍ന്ന പ്രദേശങ്ങളിലെ വനഭൂമി സുഗന്ധദ്രവ്യങ്ങള്‍ക്കും ചായത്തോട്ടങ്ങൾക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ സമതലങ്ങളില്‍ അത് റബറിനും തെങ്ങിനുമായി ഉപയോഗിയ്‌ക്കുന്നു

കീടരാസവളം,കീടനാശിനി മറ്റു മലിന വസ്‌തുക്കളും കുമിഞ്ഞു കൂടുന്നതു മൂലം സൂക്ഷ്‌മ സസ്യങ്ങളും പായലുകളും പെരുകി മത്സ്യങ്ങള്‍ക്കും മറ്റു ജലജീവികള്‍ക്കും ഭീഷണിയാകുന്നു.
ജല വൈദ്യുത പദ്ധതികള്‍ക്കായുള്ള അണക്കെട്ടുകള്‍-പന്നിയാര്‍,ഇടമലയാര്‍,നേര്യമംഗലം, ഇടുക്കി,പള്ളിവാസല്‍,ചെങ്കുളം,ലോവര്‍ പെരിയാര്‍ (മറ്റു നാലെണ്ണത്തെപ്പറ്റി ആലോചിച്ചു വരുന്നുമുണ്ട്)ഡാം നിര്‍മ്മാണവും ജല സംഭരണികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കാണുക
ജലസേചന പദ്ധതികള്‍ ( ഇപ്പോള്‍ 9 എണ്ണം)താഴവരകളിലെ അണക്കെട്ടു നിര്‍മ്മാണവും തൽഫലമായി വെള്ളത്തിന്റെ അമിതമായ ഗതി മാറ്റലും.
വ്യാവസായിക മലിനീകരണം( അങ്കമാലി മുതല്‍ കൊച്ചി വരെ)വിഷവസ്തുക്കളും മറ്റു മലിന വസ്തുക്കളും അമിതമായി പുറന്തള്ളപ്പെടുന്നതു മൂലം ജല ജൈവ വ്യവസ്ഥയില്‍ എന്നന്നേക്കുമായി ഉണ്ടാകുന്ന ആഘാതങ്ങള്‍
വന്‍‌തോതിലുള്ള വന നശീകരണം ( മുന്‍‌കാലങ്ങളില്‍ ഇത് കാര്‍ഷികാവശ്യങ്ങള്‍‌ക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍‌ക്കായിട്ടുണ്ട്.)
പരിസ്ഥിതിയിലെ വ്യതിയാനം,പാഴ്‌വസ്തുക്കളുടെ പുറന്തള്ളല്‍,മലിനീകരണം
ടൂറിസംപാഴ്‌വസ്തുക്കളുടെ പുറന്തള്ളല്‍,മലിനീകരണം
മണ്‍ല്‍ വാരല്‍ഇക്കോസിസ്റ്റത്തില്‍ ഉണ്ടാകുന്ന വന്‍‌തോതിലുള്ള നാശം
തോട്ട വച്ചും മറ്റും വിഷങ്ങള്‍ ഉപയോഗിച്ചുമുള്ള മീന്‍ പിടുത്തം (ഇപ്പോഴും നിലനില്‍ക്കുന്നു)ജല-ജൈവ വ്യവസ്ഥയിലുണ്ടാകുന്ന വന്‍‌തോതിലുള്ള നാശം



നമ്മുടെ നദികള്‍ക്ക് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് മുകളില്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു ചൂഷണത്തിനു വിധേയമായ നദികളെ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടാമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ലഭ്യമായ പഠനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, പുസ്‌തകങ്ങള്‍, വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വനം മേഖലയിലേതടക്കം റിസര്‍‌വോയറുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളെ സ്റ്റോക്ക് ചെയ്യുന്ന പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം ഞങ്ങള്‍ നടത്തിയത് താഴെ പട്ടികയാക്കുന്നു.

പാരിസ്ഥിതിക ആഘാത അന്വേഷണ പട്ടിക (Environmental Impact Assessment Table) [1]


തിരിച്ചറിയാവുന്ന അപകട സാധ്യതകള്‍
സാധ്യതകളെപ്പറ്റിയുള്ള അനുമാനം
അനുമാനത്തിലേക്കുള്ള ആധാരം
ഇരയായിത്തീരല്‍
ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് വിഭാഗങ്ങളെല്ലാം ആഹാരവ്യവസ്ഥയുടെ ഒന്നാം കണ്ണിയില്‍ പെടുന്നതിനാല്‍ ഇരപിടുത്തം ഇല്ല.
എല്ലാ ഗവേഷണഫലങ്ങളും വിദഗ്ദ്ധരും തരുന്ന ഏകാഭിപ്രായം.
കടന്നു കയറ്റം
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ പ്രജനനം ചെയ്ത് റിസര്‍‌വോയറില്‍ നിന്നു പുഴകളിലേക്ക് പെരുകാന്‍ സാധ്യതയില്ല. (ഡോ. സുഗുണന്റെ അഭിപ്രായത്തില്‍ ഇവ പ്രജനനം ചെയ്യാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നാല്‍ അത് റിസര്‍‌വോയറില്‍ നിന്നു പുഴയിലേക്ക് വ്യാപിക്കില്ല.)
എല്ലാ ഗവേഷണഫലങ്ങളും വിദഗ്ദ്ധരും തരുന്ന ഏകാഭിപ്രായം.
ആഹാരത്തിനുവേണ്ടിയുള്ള മത്സരം
ഇല്ല. റിസര്‍വോയറിലെ അധിക ഭക്ഷണലഭ്യത പാഴായിപ്പോകുന്നതിനു പകരം ഉപയോഗപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ.
ഡോ.കുറുപ്പും ഡോ സുഗുണനുമായുള്ള അഭിമുഖങ്ങള്‍, COFAD research
ജൈവ വൈവിധ്യത്തില്‍ കുറവു വരുത്തല്‍
അത്തരം ഭീഷണി ഇല്ല
ഗവേഷണഫലങ്ങള്‍, വിദഗ്ദ്ധാഭിപ്രായങ്ങള്‍
രോഗ സാധ്യതകള്‍
വളരെ കുറവ്, കാരണം മത്സ്യം വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളവയും വിദഗ്ദ്ധരാല്‍ നിലവാരമുള്ള സാഹചര്യങ്ങളില്‍ പരിപാലിക്കപ്പെടുന്നവയും ആണ്.
വിദഗ്ദ്ധാഭിപ്രായങ്ങള്‍
ആവശ്യത്തിനുള്ള ഗവേഷണങ്ങളുടെ ലഭ്യത (അനിശ്ചിതത്വ സാധ്യതകള്‍)
ഇപ്പോള്‍ ലഭ്യമായ ഗവേഷണഫലങ്ങള്‍ ഉറപ്പ് നല്‍കുന്നു
ഡോ സുഗുണനുമായുള്ള അഭിമുഖം ശ്രദ്ധിയ്‌ക്കക
റിസര്‍വോയറുകളിലും നദികളിലും നടക്കുന്ന അംഗീകാരമില്ലാത്ത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍
ഈ രംഗത്തെ വിദഗ്ദ്ധരും മറ്റു അധികാരപ്പെട്ടവരും നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഈ അവസ്ഥയില്‍ മാറ്റം വരും
ഡോ സുഗുണനുമായുള്ള അഭിമുഖം( ഇന്‍‌ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അനുഭവവും പുതിയ ഫിഷറീസ് ആക്ടും)


ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ കേരളത്തിലെ റിസര്‍‌വോയറുകളില്‍ പ്രജനനം നടത്താനുള്ള സാധ്യത തീരെച്ചെറുതാണ്‌. ഇനി അങ്ങനെ സംഭവിച്ചാല്‍ പോലും അവ ജലസംഭരണി വിട്ട് നമ്മുടെ ആഴം കുറഞ്ഞ പുഴകളിലേക്ക് വ്യാപിക്കില്ല. കാരണം ആഴവും കുഴിയും ഇല്ലാത്ത പുഴകള്‍ ഇന്ത്യന്‍ മേജര്‍കാര്‍പ്പുകള്‍ക്ക് അനുയോജ്യമല്ല എന്നതു തന്നെ. നമ്മുടെ മീനുകള്‍ ആഴമുള്ള ഒഴുക്കില്ലാത്ത റിസര്‍‌വോയറില്‍ പറ്റമായി കുടിയേറാത്തതിന്റെ മറുവശമാണ്‌ ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളുടെ സ്വഭാവം.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് റിസര്‍‌വോയര്‍ വനത്തിന്റെ ഭാഗമാണെന്നു കരുതുന്നെന്ന ഡോ. സുഗുണന്റെ നിരീക്ഷണവും പല ശാസ്ത്രവിദഗ്ദ്ധരും റിസര്‍‌വോയര്‍ പുഴയുടെ ഭാഗമാണെന്നു കരുതുന്നെന്ന മറ്റു ചില വിദഗ്ദ്ധരുടെ നിരീക്ഷണവും ശ്രദ്ധേയമാണ്‌. റിസര്‍‌വോയര്‍ ഒരു കൃത്രിമ ജലാശയമാണ്‌. പുഴമീന്‍, ചതുപ്പുമീന്‍, ഉപ്പുവെള്ളത്തിലെ മീന്‍ തുടങ്ങിയവയില്‍ നിന്നും അതിലേക്ക് കടന്നു ജീവിക്കാന്‍ പ്രാപ്തിയുള്ളവ നമ്മുടെ നാട്ടിലില്‍ ഇല്ല എന്നതിനാല്‍ അതൊരു വേക്കന്റ് നീഷും ആണ്‌. ഇതില്‍ നിന്നും പുറത്തു കടന്ന് പുഴയില്‍ അധിനിവേശം നടത്തുക, പുഴയിലെ മത്സ്യങ്ങളോട് ആഹാരത്തിലും ആവാസത്തിലും മത്സരിക്കുക, പുഴമത്സ്യങ്ങളെ ആഹാരമാക്കിക്കളയുക തുടങ്ങിയ ഭീഷണികള്‍ ഇല്ലാത്തിടത്തോളം കാലം ആ കൃത്രിമ ജലാശയത്തില്‍ സ്റ്റോക്ക് ചെയ്യപ്പെടുന്ന മീനുകള്‍ പുഴയുടെ പരിസ്ഥിതിക്ക് കാര്യമായ ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല.

കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കുക, പുഴയില്‍ പെന്‍ & കേജ് കൃഷി നടത്തുക തുടങ്ങിയ മറ്റു ശുദ്ധജല മത്സ്യകൃഷി മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും പരിസ്ഥിതി സൗഹൃദപരവും ഏറ്റവും സുരക്ഷിതവും ഏറ്റവും ചിലവുകുറഞ്ഞതുമായ രീതിയാണ്‌ ജലസംഭരണീ മത്സ്യകൃഷി എന്ന ഡോ. സുഗുണന്റെ നിരീക്ഷണം ശ്രദ്ധിക്കുക. ഇന്ത്യയിലെ ജലസംഭരണികളില്‍ ഭൂരിപക്ഷവും വനമേഖലയിലാണ്‌, അതുകൊണ്ട് കേരളത്തിലെ വനമേഖലകളിലെ മത്സ്യകൃഷിയെക്കുറിച്ച് പ്രത്യേകമായി പഠനം നടന്നിട്ടില്ലല്ലോ എന്നൊരു ആശങ്ക വേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

ഈ രംഗത്തെ ശാസ്ത്രീയമായ പഠനങ്ങളും, റിസര്‍‌വോയര്‍ മാനേജ്‌മെന്റിലും നദീ മത്സ്യ ശാസ്‌ത്രത്തിലും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി സൂക്ഷ്‌മ വിശകലനം ചെയ്യുമ്പോള്‍ ജല സംഭരണികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യമായ പാരിസ്ഥിതിക അപകട സാധ്യത കണ്ടെത്താന്‍ കഴിയുന്നില്ല.

പിന്‍‌കുറിപ്പ്:

ജലസംഭരണികളും വനത്തിലെ പുഴകളും- ഇപ്പോഴത്തെ അവസ്ഥ

ആദിവാസികളില്‍ ഭൂരിഭാഗവും ദൈനം ദിനാവശ്യങ്ങള്‍ക്ക് വേണ്ടി മീന്‍ പിടിക്കുന്നുണ്ട്. ഇടുക്കിയിലും മറ്റും ചൂണ്ടയിട്ടും ഒറ്റിയുമാണ്‌ ആദിവാസികള്‍ മീന്‍ പിടിക്കുന്നതെങ്കില്‍ കാട്ടുനായ്ക്കരുടെ മീന്‍ പിടിത്ത രീതി വിഭിന്നമാണ്‌. നിലമ്പൂര്‍ വനങ്ങളില്‍ നിന്നും മനോഹരമായൊരു സചിത്രലേഖനമാണ്‌ ഇത്:കാട്ടുനായ്ക്കര്‍ വനത്തിലെ പുഴകളില്‍ തടയണകെട്ടി അതില്‍ കാട്ടുകായകള്‍ കൊണ്ട് ഉണ്ടാക്കിയ നഞ്ചു കലക്കിയാണ്‌ മീന്‍ പിടിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിര്‍ബാധം തോട്ട പൊട്ടിക്കുന്നുണ്ടെന്നും ആരുമത് തടയുന്നില്ലെന്നും റോബര്‍ട്ട് ടെയിലര്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് കാലം മുതലേ മൂന്നാറില്‍ നദികളില്‍ റെയിന്‍‌ബോ ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങളെ ഇറക്കിവിട്ടിരുന്നു. ഇവയെ വിനോദത്തിനായി പിടിക്കുന്നവരുടെ അസോസിയേഷന്‍ പോലും നിലനിന്നിരുന്നു. മിക്ക റിസര്‍‌വോയറുകളും നിയന്ത്രണമില്ലാതെ തുറന്നുകിടക്കുകയാണ്‌. നെയ്യാര്‍ ഡാമില്‍ ഒരിക്കലും ഒന്നും ഔദ്യോഗികമായി കൃഷി ചെയ്തിട്ടില്ല, പക്ഷേ ടിലാപ്പിയ സുലഭമാണെന്ന് അറിയുന്നു. ജലസംഭരണിയില്‍ സ്വാഭാവിക മത്സ്യങ്ങളില്ല. അതിനാല്‍ അടുത്തുള്ള തോട്ടം ഉടമകള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അനധികൃത്യമായി മത്സ്യക്കുഞ്ഞുങ്ങളെ വിടുകയും (മിക്കപ്പോഴും തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന ടിലാപ്പിയ) അവയെ അനധികൃതമായി പിടിക്കുകയും ചെയ്യുന്നു ഇപ്പോള്‍. ജലസംഭരണിയിലെ മത്സ്യകൃഷിയും മത്സ്യബന്ധനവും ഇപ്പോള്‍ നടക്കുന്ന അപകടകരമായ രീതിയില്‍ നിന്നു മാറി ശാസ്‌ത്രീയവും സര്‍ക്കാര്‍ നിയന്ത്രണവിധേയവും ആക്കേണ്ടതിന്റെ അത്യാവശ്യമാണ്‌ ഇതൊക്കെ കാണിക്കുന്നത്. നഞ്ചു കലക്കലല്ല ശരിയായ മത്സ്യബന്ധന രീതി എന്ന് ആദിവാസികളെ മനസ്സിലാക്കിക്കേണ്ടതുണ്ട്. അതവര്‍ക്കു അവകാശപ്പെട്ട സ്വത്താണെന്നും പുറത്തു നിന്നു വന്ന് ഡൈനമിറ്റ് ഫിഷിങ്ങും മറ്റും നടത്തുന്നവരെ ആട്ടിപ്പായിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അവരെ മനസ്സിലാക്കിക്കേണ്ടിയിരിക്കുന്നു.


അവലംബം :

  1. Mary Bomford and Julie Glover. 2004. Risk assessment model for the import and keeping of exotic freshwater and estuarine finfish. The Bureau of Rural Sciences for The Department of Environment and Heritage, Australia.


No comments:

Post a Comment